തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കൊണ്ടുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് സംഭവം. സ്റ്റേഷന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു നിന്നാണ് വണ്ടി എടുത്തുകൊണ്ട് പോയത്. കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്റ്റേഷൻ വളപ്പിലും പരിസരത്തും പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്.
സിസിടിവി ക്യാമറയുടെ പരിധിയിലാണ് തൊണ്ടിമുതലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ടത് പോലീസിന് വലിയ നാണക്കേടായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നഗരൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഥലപരിമിതിയും പ്രശ്നമാണെന്നാണ് പോലീസുകാർ പറയുന്നത്. മോഷ്ടാക്കളെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.































