ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ രണ്ടുദിവസത്തിലായി 15,655 താറാവിനെ കൊന്നൊടുക്കി. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന ഏഴ് റാപ്പിഡ് റെസ്പോണ്‍സ് ടീം പക്ഷിപ്പനിബാധിത മേഖലയിലെത്തി താറാവുകളെ പിടികൂടി ചാക്കില്‍ കെട്ടിയാണ് സംസ്കരിച്ചത്. രണ്ടാം ഘട്ടത്തില്‍ പക്ഷിപ്പനി ബാധിച്ച മേഖലയില്‍ മാത്രം 38,678 താറാവിനെയാണ് കൊന്നുകത്തിക്കേണ്ടത്. ഇതനുസരിച്ച് നെടുമുടിയില്‍ 22,803 ഉം കരുവാറ്റയില്‍ 15,875 ഉം താറാവുകളെയാണ് കൊല്ലേണ്ടത്. നെടുമുടി പഞ്ചായത്തിലെ നാല്, 12, 15 വാര്‍ഡുകളിലും കരുവാറ്റ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലുമാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നെടുമുടിയില്‍ 7155 ഉം കരുവാറ്റയില്‍ 8500ഉം താറാവുകള്‍ ഉള്‍പ്പെടെ 15,655 എണ്ണത്തെയാണ് കൊന്നത്. ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനഫലം ചൊവ്വാഴ്ച വൈകീട്ട് എത്തിയതോടെയാണ് കൂടുതല്‍ മേഖലയില്‍ പക്ഷിപ്പനിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന ഏഴ് റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ താറാവുകളടക്കമുള്ള പക്ഷികളെ പിടികൂടി കൊന്നൊടുക്കുകയായിരുന്നു. സംഘത്തില്‍ ഒരു വെറ്ററിനറി ഡോക്ടറും രണ്ട് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരും രണ്ട് അറ്റന്ഡര്മാരുമാണുള്ളത്.
ബുധനാഴ്ച വിറകിന്റെ ലഭ്യതക്കുറവിനൊപ്പം പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലാത്തതും കത്തിക്കല്‍ നടപടിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിറകും ഡീസലും പഞ്ചസാരയും അടക്കമുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍നിന്ന് പണം കണ്ടെത്തിയാണ് പ്രതിസന്ധിക്ക് വിരാമമിട്ടത്. നെടുമുടി പഞ്ചായത്തില്‍ മാത്രം താറാവുകളെ കത്തിച്ച് മറവുചെയ്യാന്‍ അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവായത്. ചെലവായ പണത്തിന്റെ ഒരുവിഹിതം നല്‍കണമെന്ന് കലക്ടറോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവാറ്റയിലും മൂന്നുലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. വിറക് ലഭിക്കാന്‍ വൈകിയതിനാല്‍ ബുധനാഴ്ച കരുവാറ്റയില്‍ കൊന്ന് കത്തിക്കുന്ന പ്രവൃത്തി നടന്നില്ല.
നെടുമുടി പഞ്ചായത്ത് നാലാംവാര്‍ഡില്‍ കാക്കാപറമ്പില് ബെന്നിച്ചന്, 12ാം വാര്‍ഡില്‍ വൈശ്യംഭാഗം മനുഭവനില്‍ പി.വി. ബാബു, 15ാം വാര്‍ഡില്‍ സുമേഷ്, കരുവാറ്റ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ പുത്തന്‍പുരയില്‍ രാജു, പനപടയില് ഹരികുമാര്‍, പുല്ലമ്പാത്തേരില് സന്തോഷ് തുടങ്ങിയ കര്‍ഷകരുടെ താറാവുകളെയാണ് കൊല്ലുന്നത്. നടപടി വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടരും. പക്ഷിപ്പനി ബാധിച്ച ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ഡീസലും പഞ്ചസാരയും ഉപയോഗിച്ചാണ് കത്തിച്ചത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 12,500 താറാവിനെ കൊന്ന് സംസ്കരിച്ചിരുന്നു. രോഗം ബാധിച്ച പ്രദേശത്ത് താറാവുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആന്റി വൈറസ് മരുന്നുകള്‍ നല്കി.