ന്യൂഡല്‍ഹി : റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ മകനെ വധിച്ചെന്ന ആരോപണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പഞ്ചാബിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായ സഞ്ജയ് പോപ്ലിയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടയിലാണ് സംഭവം.
ഇക്കഴിഞ്ഞ ജൂണ്‍ 20ന്, കൈക്കൂലി വാങ്ങിയെന്ന കേസില്‍ സഞ്ജയ് അറസ്റ്റിലായിരുന്നു. പഞ്ചാബിലെ നവാന്‍ഷറില്‍, അഴുക്കുചാലുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ നല്കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടയിലാണ് സംഭവം നടന്നത്. റെയ്ഡിനിടയില്‍, സഞ്ജയുടെ മകന്‍ കാര്‍ത്തിക് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
എന്നാല്‍ തന്റെ മകനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നുവെന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് താന്‍ ദൃക്സാക്ഷിയാണെന്നും അദ്ദേഹം പറയുന്നു. അഭിഭാഷകനായിരുന്ന തന്റെ മകനെ ഈ കേസ് മൂലം തനിക്ക് നഷ്ടപ്പെട്ടുവെന്നും തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഒരുപാട് നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയ്ഡിനിടയില്‍ നിരവധി സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും പണവും മൊബൈല്‍ ഫോണുകളും കണ്ടെത്തിയെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാര്‍ത്തിക് സ്വയം വെടിവെച്ച് മരിച്ചതാണ് എന്നാണ് പോലീസ് റിപ്പോര്‍ട്ടിലും പരാമര്‍ശിക്കുന്നത്.