തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അര്‍ഹത. അതിനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം.
പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.