ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു. ജഫ്രബാദ്, മൗജ്പൂർ ബാബർപൂർ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. ജഫ്രബാദിൽ നടക്കുന്ന ഷഹീൻബാഗ് മോഡൽ ഉപരോധസമരം രണ്ടാം ദിവസത്തിലും തുടരുകയാണ്. ജഫ്രബാദ് മെട്രോ സ്റ്റേഷനു സമീപം പ്രധാനപാത ഉപരോധിച്ചാണ് സമരം. ഇന്നലെ വൈകുന്നേരം സമരത്തിനിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷ വലയത്തിലാണ് പ്രദേശം. കൂടുതൽ പോലീസ് വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സിഎഎ അനുകൂലികളും സമരക്കാരും തമ്മിലാണ് കല്ലേറുണ്ടായത്.
ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രകോപനം ഉണ്ടാക്കരുത് എന്ന ഇരു വിഭാഗത്തോടും പോലീസ് അഭ്യർത്ഥിച്ചു. ജഫ്രബാദിന് പിന്നാലെ സീലംപൂരിലും,ചാന്ദ്ബാഗിലും സമരം ശക്തമായിട്ടുണ്ട്. കൂടാതെ ഇന്നലെ അലിഗഢിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് ബന്ധം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയിലാണ് പോലീസ്.