ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 20 ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്. ഡപ്യൂട്ടി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എക്സ്റെ – ലാബ് ജീവനക്കാര്‍ എന്നിവരിലാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡ് കാരണം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട എക്സ്റേ വിഭാഗവും ഇ.സി.ജി യും രാത്രി മാത്രമായി ചുരുക്കി. രാപകല്‍ പ്രവര്‍ത്തിക്കേണ്ട ലാബ് വിഭാഗം 8 മണിക്കൂറായി പരിമിതപ്പെടുത്തി. കോവിഡ് വാക്സിനേഷന്‍ വിഭാഗത്തില്‍ ആള്‍ കുറവാണെങ്കിലും അതു മുടങ്ങാതെ നടക്കുന്നുണ്ട്. ജീവനക്കാരില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി സ്തംഭിക്കും.
ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനാല്‍ പരിമിതമായ സൗകര്യത്തില്‍ ബോയ്സ് ഹൈസ്കൂള്‍ കെട്ടിടത്തിലാണ് ആശുപത്രിയുടെ ഇപ്പോഴുള്ള പ്രവര്‍ത്തനം. ഇവിടെ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നിടത്തെ സ്ഥലപരിമിതിക്കുറവ് കോവിഡ് രോഗം പകരാന്‍ സാധ്യത വളരെ കൂടുതലാണ്. ഇവിടെ കോവിഡ് രോഗികള്‍ക്ക് അടിയന്തിര ചികിത്സാ നല്‍കാത്തത് പലപ്പോഴും രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് നിത്യസംഭവമാണ്. ചെങ്ങന്നൂരില്‍ സ്വകാര്യ ആശുപത്രികള്‍ പോലും കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നു. ആലപ്പുഴ ജില്ലയില്‍പ്പെട്ട ചെങ്ങന്നൂരില്‍ ജനങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് നല്ല ചികിത്സ ലഭിക്കുന്നില്ല എന്നത്.