അലിഗഡ് : ഉത്തർപ്രദേശിലെ ഹാത്രാസിൽ കുപ്പിവെള്ളത്തിന് എംആർപി വിലയേക്കാൾ രണ്ട് രൂപ അധികമായി ഈടാക്കിയ റസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴ. 1.06 ലക്ഷം രൂപ പിഴയും നഷ്ടപരിഹാരവുമായി നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഹാഥ്റസിലുള്ള ബിബിസിഎൻ റോയൽ റെസ്റ്റോറന്റ് ആൻഡ് പാർട്ടി ഹാളിനാണ് പിഴ ലഭിച്ചത്. അലീഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് പിഴ ചുമത്തിയത്. ഇതിന് പുറമെ പരാതിക്കാരന് നഷ്ടപരിഹാരമായി 1,000 രൂപയും നിയമപരമായ ചെലവുകൾക്കായി 5,000 രൂപയും നൽകാൻ കമ്മീഷൻ റെസ്റ്റോറന്റിനോട് ഉത്തരവിട്ടു. എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി അത്യാവശ്യമാണെന്നും വിലയിരുത്തിയാണ് കമ്മീഷന്റെ വിധി.
കഴിഞ്ഞ മാര്ച്ച് 11ന് അലിഗഡ് നിവാസിയായ അങ്കുർ അഗർവാൾ റസ്റ്റോറന്റിലെത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് അദ്ദേഹം ഒരു കുപ്പി വെള്ളത്തിന് ഓര്ഡര് നൽകി. കുപ്പിയിൽ അച്ചടിച്ച എംആർപി 18 രൂപയായിരുന്നു. എന്നാൽ റസ്റ്റോറന്റ് 20 രൂപയാണ് ഈടാക്കിയത്. രണ്ട് രൂപയാണ് അധികമായി ഈടാക്കിയതെങ്കിലും റസ്റ്റോറന്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ അഗര്വാൾ തീരുമാനിക്കുകയായിരുന്നു. അഗർവാൾ അലിഗഡിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി.




























