ആലപ്പുഴ : എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികള്‍ സംസ്ഥാനം വിട്ടെങ്കില്‍ ഉത്തരവാദിത്തം പോലീസിനാണെന്നും കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. ഗുണ്ടാ സംഘങ്ങള്‍ വിഹരിക്കുമ്പോഴും പോലീസ് നിഷ്‌ക്രിയമാണ്. ഇത്രയും കഴിവുകെട്ട പോലീസ് സംവിധാനം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. പ്രതികള്‍ കേരളം വിട്ടുവെന്ന് എഡിജിപി തന്നെ പറയുന്നു.
ആദ്യ കൊലപാതകത്തിനു ശേഷം കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം തടയാന്‍ സാധിക്കുമായിരുന്നു ചെന്നിത്തല പറഞ്ഞു. കൊലയാളികള്‍ സംസ്ഥാനം വിട്ടെന്നും പോലീസ് അവര്‍ക്കു പിന്നാലെ പോയിട്ടുണ്ടെന്നും എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് ഒരാളല്ല. പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നും എഡിജിപി പറഞ്ഞു. പ്രതികള്‍ ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്തുന്നതു ശ്രമകരമാണെന്നാണ് പോലീസ് വിശദീകരണം. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് രണ്ടു കേസിലെയും പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതെന്നും പോലീസ് പറയുന്നു.