തിരുവനന്തപുരം : ഊരാളുങ്കല്‍ ലേബർ സൊസൈറ്റിക്കെന്നല്ല ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാർത്തി നൽകിയിട്ടില്ല. നിർമ്മാണ പ്രവർത്തികള്‍ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ ഏതു കമ്പനിയ്‌ക്കെതിരെയും നടപടിയുണ്ടാകും. ഊരാളുങ്കൽ ഏറ്റെടുത്ത ശംഖുമുഖം റോഡിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
കടൽക്ഷോഭത്തിൽ തകർന്ന് ശംഖുമുഖം- എയർപോർട്ട് റോഡിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ മാർച്ച് മാസത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാൻ പൈലിംഗ് നടത്തി ഡയഫ്രം വാൾ നിർമ്മിക്കുന്ന പ്രവർത്തിക്കളാണ് പുരോഗമിക്കുന്നത്. ഡയഫ്രം വാള്‍ നിർമ്മിച്ച ശേഷമായിരിക്കും റോഡ് നിർമ്മിക്കുക. പുനർനിർമ്മാണ പ്രവർത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്.
നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിൽ ഊരാളുങ്കലിന്‍റെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ ഊരളുങ്കലിലെ മന്ത്രി വിമർശിച്ചിരുന്നു. നിർമ്മാണ പുരോഗതി വിലയിരിത്താനെത്തിയപ്പോഴും മന്ത്രി വിമർശനം തുടർന്നു. 12.16 കോടിരൂപയ്ക്കാണ് ഊരാളുങ്കൽ നിർമ്മാണ കരാർ എടുത്തിരിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്ന കരാറുകാർക്ക് പാരിതോഷികം നൽകുന്ന കാര്യം പരിഗണിയിലിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.