ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഉത്തര്‍ പ്രദേശില്‍ പോലീസിന് നേരെ പ്രകോപനത്തോടെ പ്രസംഗവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗം ബോധപൂര്‍വം എഡിറ്റ് ചെയ്‌ത് മാറ്റിയെന്നും ഒവൈസി ആരോപിച്ചു. കാണ്‍പൂരിലെ പ്രസംഗത്തില്‍ യു.പി പോലീസിനു നേരെ കടുത്ത ഭാഷയിലാണ് ഒവൈസി പ്രസംഗിച്ചത്. ‘യോഗി എന്നും മുഖ്യമന്ത്രിയായിരിക്കില്ല, മോദി എന്നും പ്രധാനമന്ത്രിയുമാകില്ല. ഞങ്ങള്‍ മുസ്ളീങ്ങള്‍ നിങ്ങളുടെ അനീതി മറക്കില്ല. ഇത് ഞങ്ങളോര്‍ക്കും.
‘ ദൈവം ശിക്ഷിക്കുമ്പോള്‍ ആര് നിങ്ങളെ രക്ഷിക്കുമെന്നും ഒവൈസി ചോദിക്കുന്നു. യോഗി മഠത്തിലേക്ക് തിരികെ പോകുകയും മോദി പര്‍വതങ്ങളിലേക്ക് പിന്‍വാങ്ങുകയും ചെയ്‌താല്‍ ആര് രക്ഷിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഒവൈസി നടത്തിയത് കടുത്ത വിദ്വേഷ പ്രസംഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ പറഞ്ഞു. ശിവസേന നേതാക്കളുള്‍പ്പടെ ഒവൈസി നടത്തിയ പ്രസംഗം ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു.