ചുങ്കപ്പാറ : കുട്ടിക്കാലം മുതലുള്ള വായനാശീലം ഭാവിജീവിതത്തിൽ വലിയ ഗുണം ചെയ്യുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ പറഞ്ഞു. കുട്ടികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വായനക്കളരി’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പുസ്തകങ്ങൾ വായിച്ചും അറിവ് നേടിയും വേണം കുട്ടികൾ വളരാൻ. വായനയിലൂടെ മാത്രമേ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. എം.എന്‍ ടി.വി സംസ്ഥാന ഹെഡ് ആര്‍.ജെ സുമേഷ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി അസീസ് റാവുത്തര്‍, നിസി അന്നാ വി.എസ്, അജ്മല്‍ അസീസ്, രശ്മി ആര്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാലാ ഭാരവാഹികളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളിൽ പുസ്തകങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വരും ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ വായനക്കളരിയുടെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






























