പാലക്കാട്: പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിഎടിയു നേതാവിനെതിരെ പോലീസ് കേസെടുത്തു. പട്ടാമ്പി യൂണിയന്‍ നേതാവ് സക്കീര്‍ ഹുസൈനെതിരേയാണ് കേസെടുത്തത്. ഇയാള്‍ അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറിയാണ്. നാനൂറിലധികം തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. തെരുവിലിറങ്ങിയ തൊഴിലാളികളെ പോലീസ് അനുനയിപ്പിച്ച് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിക്കുകയായിരുന്നു.
അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് പറഞ്ഞയക്കാം എന്ന് പറഞ്ഞ് പട്ടാമ്പി കവലയില്‍ വിളിച്ച് വരുത്തിയതായാണ് ആരോപണം. മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ദോഷമാകുന്ന രീതിയിലാണ് സിഎടിയു നേതാവ് പ്രവര്‍ത്തിച്ചത്. തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടതിന് ആറുപേര്‍ക്കെതിരെ കേസെടുത്തായും പട്ടാമ്പി പോലീസ് അറിയിച്ചു.