ന്യൂഡൽഹി: ഡൽഹിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്ന് കൗമാരക്കാർ കുത്തിക്കൊലപ്പെടുത്തി. സ്കൂളിലെ ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നങ്‌ലോയിയിലാണ് സംഭവം നടന്നത്. 15 വയസ്സുകാരനെയാണ് ഇവർ ആക്രമിച്ചത്. കുത്തേറ്റ വിദ്യാര്‍ഥി ചോരവാര്‍ന്നാണ് മരണപ്പെട്ടത്. ആക്രമണം നടത്തിയ മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ നങ്ലോയിൽ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തര്‍ക്കവും ആക്രമണവും ഉണ്ടായത്. പെൺകുട്ടിക്കും കൂട്ടുകാര്‍ക്കും ഒപ്പം വിദ്യാലയത്തിൽ നിന്ന് മടങ്ങുമ്പോൾ കൗമാരക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് സംഘത്തെ തടഞ്ഞു നിര്‍ത്തി. സൗഹൃദം ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകുകയും തര്‍ക്കത്തിൽ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് പെൺകുട്ടിയും വിദ്യാര്‍ഥിയും ഒരുമിച്ച് വീട്ടിലേക്ക് നടക്കുന്ന വഴി മൂന്നംഗ സംഘം വീണ്ടും എത്തി. പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്.































