ഇൻഡക്ഷൻ കുക്കറുകൾ ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കമാണ്. ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമാണെന്നത് തന്നെയാണ് ആ ചെറു അടുപ്പിനു ഇത്രയേറെ ജനപ്രീതി നേടി കൊടുത്തത്. എളുപ്പത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാമെന്നതും വളരെ കുറഞ്ഞ അളവിൽ വൈദ്യുതി മതിയെന്നതും ഇൻഡക്ഷൻ കുക്കറുകൾ വാങ്ങി ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മറ്റേതൊരു സ്റ്റൗവിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത് പോലെ ഇൻഡക്ഷൻ കുക്കറിലും തിളച്ചു തൂവിപ്പോകാനും കറികൾ തെറിച്ചു വീഴുന്നതിനുമൊക്കെ സാധ്യതയുണ്ട്. പതിവായി വൃത്തിയാക്കിയില്ലെങ്കിൽ ചിലപ്പോൾ കേടുപാടുകൾ സംഭവിക്കുന്നതിനിടയുണ്ട്. എങ്ങനെ എളുപ്പത്തിൽ ഇൻഡക്ഷൻ കുക്കറുകൾ വൃത്തിയാക്കിയെടുക്കാമെന്നു നോക്കാം. ഭക്ഷണം തയാറാക്കിയതിനു ശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് ഇൻഡക്ഷൻ കുക്കറിന് മുകൾ ഭാഗത്തുള്ള അഴുക്കുകൾ മാറ്റാവുന്നതാണ്. ശേഷം വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് നല്ലതുപോലെ മിക്‌സ് ചെയ്യാം. ഈ ലായനിയിൽ തുണി മുക്കി ഇൻഡക്ഷൻ കുക്കറിന്റെ ഉപരിതലത്തിലുള്ള അഴുക്കുകൾ, കറകൾ എന്നിവ തുടച്ചെടുക്കാം.
ചെറു ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ ചേർത്ത് ഒരു മിശ്രിതം തയാറാക്കിയെടുക്കുക. മൃദുവായ തുണിയോ സ്‌ക്രബറോ ഉപയോഗിച്ച് കട്ടിയുള്ള അടുപ്പിനു മുകൾ ഭാഗത്തെ കറകൾ, പാടുകൾ എന്നിവ നീക്കം ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ ഇൻഡക്ഷൻ കുക്കർ വൃത്തിയാക്കിയയെടുക്കാൻ പരീക്ഷിക്കാവുന്ന ഒന്നാണ് ചെറു ചൂടുവെള്ളത്തിൽ ഡിഷ്വാഷ് ലിക്വിഡ് ഒഴിച്ച് ഒരു ലായനി തയാറാക്കാം. ഈ ലായനിയിൽ തുണി മുക്കി അഴുക്കുകൾ തുടച്ചു മാറ്റാവുന്നതാണ്. കട്ടിയുള്ള കറകളാണെങ്കിൽ ഇൻഡക്ഷൻ കുക്കറിന്റെ ഉപരിതലത്തിൽ കുറച്ചു ബേക്കിങ് സോഡ വിതറിയതിനു ശേഷം പതിനഞ്ചു മിനിട്ടു കഴിഞ്ഞു വൃത്തിയാക്കിയെടുക്കാം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ കൂടി
പ്ലഗിൽ നിന്നും ഊരി മാറ്റിയതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ വൃത്തിയാക്കാം. അല്ലാത്തപക്ഷം വൈദ്യുതാഘാതം പോലുള്ളവയ്ക്ക് സാധ്യതയുണ്ട്. സ്റ്റൗ ചൂടായി ഇരിക്കുന്ന സമയത്ത് വൃത്തിയാക്കാൻ മുതിരരുത്. എന്തെങ്കിലും മിശ്രിതം അതിന്റെ ഉപരിതലത്തിൽ ഒഴിച്ചാൽ ചിലപ്പോൾ കേടുവരാനിടയുണ്ട്. കൂടുതൽ വെള്ളം ഉപയോഗിക്കരുത്. വൈദ്യുതോപകരണങ്ങൾ എളുപ്പത്തിൽ നശിച്ചു പോകുന്നതിനിടയാക്കും. ഒരു ഉണങ്ങിയ തുണി കൊണ്ട് ഇൻഡക്ഷൻ കുക്കറിന്റെ ഉപരിതലം തുടച്ചതിനു ശേഷം മാത്രം വൃത്തിയാക്കുന്നതിനുള്ള മിശ്രിതം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.