ദുബൈ: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ദുബായിലെത്തി. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇ യിലെ വ്യവസായ പ്രമുഖരുമായി കൂടികാഴ്ച നടത്തും. നാട്ടിലേക്കുളള യാത്രയില്‍ മാറ്റം വരുത്തിയാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതടക്കമുളള കാര്യങ്ങളാണ് സന്ദര്‍ശക അജണ്ടയിലുളളത്. ദുബായ് എക്സ്പോ 2020 ലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. അടുത്ത മാസം നാലിന് ഇന്ത്യന്‍ പവലിയനിലെ കേരളാ സ്റ്റാളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലായി അറബ്, രാജ്യാന്തര വ്യവസായികളേയും മലയാളി വ്യവസായികളേയും ഉള്‍പ്പെടുത്തി രണ്ട് നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുമെന്നാണ് വിവരം. നിക്ഷേപക സംഗമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കെഎസ്‌ഐഡിസി എംഡി രാജമാണിക്യം കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചകളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും ദുബായിലെ മലയാളി പ്രവാസികളുമായുളള സംവാദ പരിപാടി അഞ്ചാം തിയതി അല്‍ നാസര്‍ ലെഷര്‍ ലാന്‍റില്‍ നടത്തും. ഇതിനായി കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യുഎഇ സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സംഘാടകര്‍.