കോഴിക്കോട് : നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ കഴുകന്‍ കണ്ണോടെ കാണുന്ന ചില ശക്തികള്‍ രാജ്യത്തുണ്ടെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ശതാബ്ദി വര്‍ഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത് എപ്പോഴും മനസിലുണ്ടാകണം. അത്തരമൊരു കെട്ടകാലത്താണ് നാം ജീവിക്കുന്നതെന്ന് തിരിച്ചറിയണം. നല്ലതായത് കൊണ്ട് മാത്രം നല്ലതായി എല്ലാവരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ ശതാബ്ദി ആഘോഷ പരിപാടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജെ.ഡി.ടി സ്ഥാപനങ്ങള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. കാമ്പസ് നവീകരിക്കും. ഇഖ്റ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയും മെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ഡീംഡ് സര്‍വകലാശാല സ്ഥാപിക്കുകയും ചെയ്യും. ആയിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.





























