വടശ്ശേരിക്കര : കഴിഞ്ഞ ഒരാഴ്ചയായി തങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ കഴിഞ്ഞത് വിഷപ്പാമ്പായ മൂർഖനാണെന്നറിഞ്ഞ ഞെട്ടലിലാണ് വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങൾ. ഒടുവിൽ പാമ്പുപിടുത്ത വിദഗ്ധന്‍ ഉതിമൂട് മാത്തുക്കുട്ടിയെത്തി പാമ്പിനെ പിടികൂടിയതോടെയാണ് ജീവനക്കാരുടെ ഭീതി അകന്നത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ഒരാഴ്ചയായി ഈ പാമ്പിനെ കാണാറുണ്ടായിരുന്നു. എന്നാൽ ഇത് വിഷമില്ലാത്ത ചേരയാണെന്ന് ആരോ പറഞ്ഞതിനെ തുടർന്ന് ഭയമില്ലാതെ ജീവനക്കാർ ഇതിനടുത്തുതന്നെ ജോലി തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പാമ്പ് മുന്നിലെത്തിയപ്പോൾ ചേരയാണെന്ന് കരുതി ആശ്വസിച്ച ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് പാമ്പ് പത്തിവിടർത്തി ഉയർന്നു.
മൂർഖന്റെ പത്തിയിലെ ചന്ദ്രക്കല അടയാളം കണ്ടപ്പോഴാണ് വിഷമില്ലാത്ത ചേരയല്ല മാരക വിഷമുള്ള മൂർഖനെയാണ് കഴിഞ്ഞ ഒരു ആഴ്ചയായി തങ്ങൾ കണ്ടിരുന്നതെന്ന് ഇവർ തിരിച്ചറിഞ്ഞത്. തലനാരിഴയ്ക്കാണ് ജീവനക്കാർ പാമ്പ് കടിയേല്‍ക്കാതെ രക്ഷപെട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉതിമൂട് മാത്തുക്കുട്ടി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ ദൈവത്തോടും സമയോചിതമായി എത്തിയ മാത്തുക്കുട്ടിയോടും നന്ദി പറയുകയാണ് ഹരിതകർമ്മ സേനാംഗങ്ങൾ.
വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ മൂർഖൻ പാമ്പ്
RECENT NEWS
Advertisment




























