വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്തെന്ന് പരാതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. താമസസ്ഥലത്ത് യുവതിയെ പരുക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. യുവതി അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്ന സമയത്ത് ഓഗസ്റ്റ് 28 ന് രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ രണ്ടു യുവാക്കൾ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ യുവതിയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി വിളിച്ചെങ്കിലും പ്രതികരിക്കാതിരിക്കുകയും വീട്ടിൽ നിന്ന് പുറത്തുവരാതിരിക്കുകയും ചെയ്തതോടെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ തുടർചികിത്സയ്ക്കായി പിന്നീട് വിജയവാഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് അറിയിച്ചു. കൂട്ടബലാൽസംഗത്തിന് വ്യവസ്ഥ ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.






























