തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തെ കുളിമുറിയിൽ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുൽ കരീം പറയുന്നു. രാത്രിയിൽ കുളിമുറിയിൽ ഒരാൾ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സിസിടിവി സ്ഥാപിച്ചത്.
ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ മാസം 25നാണ് ആട്ടിൻകുട്ടിയെ കാണാതാകുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതി ആട്ടിൻകൂട്ടിൽ നിന്ന് നാല് മാസം പ്രായമുള്ള പെൺ ആട്ടിൻകുട്ടിയെ തെരഞ്ഞ് പിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ വയലിൽ നിന്നാണ് ആടിന്‍റെ മൃതശരീരം കിട്ടിയത്. ആട്ടിൻകുട്ടിയുടെ ശരീര ഭാഗങ്ങള്‍ മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കഴുത്തിൽ മുറിവുമുണ്ടായിരുന്നു. ഇതിന് മുമ്പ് പശുക്കുട്ടിയെയും ഇയാൾ ഇത്തരത്തിൽ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.