ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യതയേറുന്നു. എ.ഐ.സി.സിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് വൈദ്യപരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനാല്‍ ഇന്നത്തെ (തിങ്കളാഴ്ച) തിരഞ്ഞെടുപ്പു നടപടികള്‍ മാത്രമേ നിര്‍ത്തിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ചൊവ്വാഴ്ച മിസ്ത്രി മടങ്ങിയെത്തുമെന്നും അവര്‍ വ്യക്തമാക്കി.
രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ആര്‍ക്കെന്നതിനെ ചൊല്ലി ഗഹ്‌ലോത്-പൈലറ്റ് പക്ഷങ്ങള്‍ തമ്മിലുള്ള വടംവലി എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിനെയും ബാധിക്കുന്നുണ്ട്. അതിനിടെയാണ് മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുന്നത്. ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്.





























