പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗ ബാധിതരുമായി നേരിട്ട് ബന്ധമുള്ള കുഞ്ഞാണിത്. കുഞ്ഞിന്റെ അമ്മയുടെ ഐസൊലേറ്റഡ് വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. റാന്നി സ്വദേശിയാണ്.
അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗം സ്ഥിരീകരിച്ച മൂന്ന് വയസുളള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
രണ്ട് പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. രാവിലെ ആറ് പേരില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 259 പേര്‍ ആശുപത്രിയിലാണ്. കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് അയച്ച 980 സാമ്പിളുകളില്‍ 815 എണ്ണവും നെഗറ്റീവാണ്.