പത്തനംതിട്ട : ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി (സി.എഫ്.എല്‍.ടി.സി) തെരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ (സിഎഫ്എല്‍ടിസി) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
സിഎഫ്എല്‍ടിസിയില്‍ 24 മണിക്കൂറും പോലീസ് സംരക്ഷണം ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി മുറികള്‍ വൃത്തിയാക്കും. ഈ മാസം 15ന് ഉള്ളില്‍ ജില്ലയിലെ എല്ലാ സിഎഫ്എല്‍ടിസിയിലെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ഈ സ്ഥാപനങ്ങളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും അതത് തഹസീല്‍ദാര്‍മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഏകോപിപ്പിക്കണം. അതത് എം.എല്‍.എമാരെ താലൂക്കുകളിലെ പ്രവര്‍ത്തനങ്ങള്‍ അറിയിച്ച് അവരുടെ നിര്‍ദേശങ്ങള്‍ തേടണം. ഈ മാസം 20 ന് റാന്നി മേനാംതോട്ടം ആശുപത്രിയും 25ന് ജില്ലയിലെ മറ്റു സിഎഫ്എല്‍ടിസി സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ജോലിയില്‍ കൃത്യത പാലിക്കുന്നുണ്ടോ എന്ന് അതത് തഹസീല്‍ദാര്‍മാര്‍ അന്വേഷിച്ച് ഹാജര്‍ നിര്‍ബന്ധമാക്കണം. കൃത്യമായ പരിശോധന നടത്തണം. എല്ലാ കോവിഡ് കെയര്‍ സെന്ററുകളിലും കൃത്യമായി ബന്ധപ്പെടാന്‍ മൊബൈല്‍ നമ്പര്‍ ഉണ്ടാകണം. നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരെ മുറികളില്‍ നിന്നും മാറ്റിയതിനുശേഷം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ മുറികള്‍ അണുവിമുക്തമാക്കിയോ എന്ന് പരിശോധിക്കണം. പിപിഇ കിറ്റിന്റെ ഉപയോഗത്തെ സംബന്ധിച്ച് ട്രെയിനിംഗ് ലഭിച്ച ശുചീകരണ തൊഴിലാളികള്‍ ആവശ്യമെങ്കില്‍ പിപിഇ കിറ്റിന്റെ സഹായത്തോടെ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് മുറികള്‍ ശുചീകരിക്കണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം.
തുക ചെലവാക്കി താമസിക്കേണ്ട (ഹോട്ടലുകള്‍) സ്ഥാപനങ്ങളുടെയും അല്ലാത്തവയുടെയും വിവരങ്ങള്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അറിയിക്കും. തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ വരുന്ന ആളുകള്‍ തുക ചെലവാക്കി താമസിക്കണം. ഹോസ്റ്റലുകളിലെയും കോളജുകളിലേയും കോവിഡ് കെയര്‍ സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. തുക ചെലവാക്കാതെ കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണത്തിനും സൗകര്യങ്ങള്‍ക്കുമായി ഹോട്ടലുകളിലേക്ക് (തുക ചെലവാക്കി) മാറാം. ഹോസ്റ്റലുകളിലുള്ള വിദ്യാര്‍ഥികളുടെ സാധന സാമഗ്രികള്‍ എടുക്കുന്നതിനായി പാസ് അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ഡിഡിപി എസ്.സൈമ, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.