തിരുവനന്തപുരം : നേമത്ത് വി.ശിവന്‍കുട്ടിയെ മല്‍സരിപ്പിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പ്പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കും.
സിറ്റിങ് എം.എല്‍.എമാരില്‍ ആറ്റിങ്ങലില്‍ ബി.സത്യന്‍ ഒഴികെ എല്ലാവരെയും വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. ആറ്റിങ്ങലില്‍ ഏരിയ കമ്മിറ്റിയംഗവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എസ്.അംബികയെ മല്‍സരിപ്പിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്, പാറശാലയില്‍ സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ കെ.എ.ആന്‍സലന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, വര്‍ക്കലയില്‍ വി.ജോയി, വാമനപുരത്ത് ഡി.കെ.മുരളി എന്നിവരെ രണ്ടാമതും മല്‍സരിപ്പിക്കാനാണ് തീരുമാനം.