ആലപ്പുഴ : സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തെ തോല്‍പിച്ച് വിമതപക്ഷം വിജയിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചവര്‍ക്ക് നേരെ ഒരു സംഘം വീടുകയറി ആക്രമിച്ചു.
സിപിഎം പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തിനെ തുടര്‍ന്നാണ് സംഭവം. ആക്രമണത്തില്‍ വി.കെ അച്യുതന്‍ ബ്രാഞ്ച് സെക്രട്ടറി പറവൂര്‍ വെളിയില്‍ വി.എ ജാക്‌സണ്‍ (30) അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ജാക്‌സനെ കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരായ പറവൂര്‍ പാലപ്പറമ്പില്‍ ഫ്രെഡി (34), പുത്തന്‍പുരയ്‌ക്കല്‍ കുര്യാക്കോസ് (29), ഇയാളുടെ മാതാവായ ജുലൈറ്റ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ പരാജയപ്പെടുത്തി എന്‍.പി വിദ്യാനന്ദന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. വിമതപാനലിന് വേണ്ടി മത്സരിച്ച 11ല്‍ 9 പേരും വിജയിച്ചു. ഫ്രെഡിയും ജാക്‌സണും സമ്മേളന പ്രതിനിധികളായിരുന്നു. ഇവര്‍ ഔദ്യോഗിക വിഭാഗത്തിനായി ശക്തിയായി വാദിച്ചതാണ് ആക്രമണത്തിന് ഇരയായതെന്ന് പറയുന്നു.
ശനിയാഴ്‌ച രാത്രി 10 മണിക്ക് നാല് എല്‍.സി അംഗങ്ങളുള്‍പ്പടെ ആറുപേര്‍ ആയുധങ്ങളുമായി ഫ്രെഡിയുടെ വീട്ടിലെത്തി ആക്രമിച്ചു. തടയാനായി ജാക്‌സണ്‍ ഓടിയെത്തിയതോടെ ഇയാളെയും ആക്രമിച്ചു. തുടര്‍ന്ന് രക്ഷപെട്ടോടിയ ഇരുവരും കുര്യാക്കോസിന്റെയും ജുലൈറ്റിന്റെയും വീട്ടിലെത്തി. ഇതോടെ അക്രമിസംഘം ഇവരെയും ആക്രമിച്ചെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ഇതുവരെ കേസെടുക്കാത്തതില്‍ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധമുണ്ട്.