കോഴിക്കോട് : ചികിത്സയ്ക്ക് പോവുകയായിരുന്ന കുടുംബത്തെ രാത്രി കെ.എസ്.ആര്.ടി.സി ബസില് നിന്ന് ഇറക്കിവിട്ടതായി പരാതി. മൂടാടി സ്വദേശികളായ കെ.വി ഫാത്തിമ, സുബൈദ, ഷാഹുല് എന്നിവരെയാണ് ബസില് നിന്ന് ഇറക്കിവിട്ടത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കോഴിക്കോടു നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ താമരശ്ശേരിയിലാണ് ഇവരെ കണ്ടക്ടര് ഇറക്കിവിട്ടത്. പുട്ടപര്ത്തിയിലെ സായി ആശുപത്രിയില് ഫാത്തിമയുടെ ഓപറേഷനായി പോവുകയായിരുന്നു കുടുംബം.
ഓണ്ലൈനായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള് രണ്ട് വാക്സിനും ചെയ്തോ എന്ന് മാത്രമാണ് ചോദിച്ചതെന്നും ബസ് താമരശ്ശേരിയില് എത്താറായപ്പോള് ആര്.ടി.പി.സി.ആര് ഫലം കണ്ടക്ടര് ആവശ്യപ്പെടുകയും പിന്നീട് ഇറക്കിവിടുകയുമാണുണ്ടായതെന്ന് കുടുംബം പറയുന്നു. തുടര്ന്ന് കുടുംബം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്കി.