ന്യുഡല്‍ഹി : ഇറാൻ-അമേരിക്ക യുദ്ധസാധ്യത. എണ്ണവില കൂടിയ സാഹചര്യത്തിൽ പശ്ചിമേഷ്യ വിട്ട് മറ്റ് എണ്ണ ഉത്പാദകരെ തേടി കേന്ദ്രസർക്കാർ നീങ്ങി. കൂടിയാലോചനകൾക്കായി കഴിഞ്ഞദിവസം ധന, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ യോഗം ചേർന്നു. ഇന്ത്യൻ ജി.ഡി.പി കഴിഞ്ഞപാദത്തിൽ ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് വളർച്ചാ ഇടിവ് കുറിച്ചിരുന്നു.
ക്രൂഡോയിൽ വില കൂടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റ് എണ്ണ ഉത്‌പാദകരെ തേടുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ അടക്കമുള്ള രാജ്യങ്ങളെ സമീപിക്കാനാണ് നീക്കം. നിലവിൽ ചെറിയ അളവിൽ ഇവിടങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
ഇറാക്ക്, സൗദി, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ മുഖ്യപങ്ക് എണ്ണയും വാങ്ങുന്നത്. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില വീണ്ടും കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് വില ബാരലിന് 69.11 ഡോളറിൽ നിന്നുയർന്ന് 69.50 ഡോളറിലും യു.എസ്. ക്രൂഡ് വില 63.73 ഡോളറിൽ നിന്നുയർന്ന് 64.09 ഡോളറിലുമെത്തി.