ആലപ്പുഴ: എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകൾ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം ഈമാസം 16 ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന.
ഒരിടവേളയ്ക്ക് ശേഷം ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും വെള്ളാപ്പള്ളിക്കെതിരെ പരസ്യപോരിന് ഇറങ്ങുകയാണ്. ഇവർ നേതൃത്വം നൽകുന്ന ശ്രീ നാരായണ സഹോദര ധർമ്മവേദിയിലൂടെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനം. ഒപ്പം എസ്എൻഡിപി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് എടുക്കുന്നവരെ ഒരുകുടക്കീഴിൽ അണിനിരത്തും.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കരുതലോടെയാണ് സുഭാഷ് വാസു നീങ്ങുന്നത്. അനധികൃത സ്വത്ത് സമ്പാദനം, ദുരൂഹ മരണങ്ങൾ എന്നിവയിലെ തെളിവുകൾ ടി പി സെൻകുമാറുമായി ചേർന്ന് ശേഖരിച്ചുകഴിഞ്ഞെന്നാണ് സുഭാഷ് വാസുവിന്റെ അവകാശവാദം.