ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ ഉടൻ കൊല്ലും’ എന്ന തരത്തിലുള്ള ഭീഷണി സന്ദേശമാണ് മന്ത്രിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ചിരാഗ് പാസ്വാന്റെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. മന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ച് ആവശ്യമായാൽ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിൽ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പിന്റെ ചുമതലയാണ് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷൻ കൂടിയായ ചിരാഗ് പാസ്വാൻ വഹിക്കുന്നത്. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ അദ്ദേഹത്തിന് സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ചിരാഗ് പാസ്വാന്റെ മന്ത്രാലയത്തിലാണ് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. മന്ത്രിക്കെതിരെ ഭീഷണി സന്ദേശം ലഭിച്ചതായും സന്ദേശത്തിൽ രണ്ട് മൊബൈൽ നമ്പറുകൾ പരാമർശിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘കൊടുംഭീകരവാദികളാൽ നിങ്ങൾ ഉടൻ തന്നെ കൊല്ലപ്പെടും’ എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം, വിശ്വാസ്യത, ഇതിന് പിന്നിലെ സാഹചര്യം എന്നിവ സംബന്ധിച്ച് വൈകാതെ സമഗ്രമായ അന്വേഷണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
































