പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം മൂലം രാജ്യത്ത് ഉണ്ടായ വര്‍ഗ്ഗീയ ചേരിതിരിവ്, പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധന, സൈന്യം, നീതിന്യായം തുടങ്ങിയ മേഖലകളിലെ അനിയന്ത്രിത ഇടപെടലുകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവക്കെതിരെയും, കേരള സര്‍ക്കാരിന്‍റെ വാളയാര്‍ കേസ്, പി.എസ്.സി പരീക്ഷാ തട്ടിപ്പ്, മാര്‍ക്ക് ദാനം, രാഷ്ട്രീയ കൊലപാതകങ്ങള്‍, അനധികൃത ബന്ധു നിയമനങ്ങള്‍, അനാവശ്യ ധൂര്‍ത്ത്, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ ജനവിരുദ്ധ ദുര്‍ഭരണത്തിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
2020 ജനുവരി 18ന് ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ചാത്തന്‍തറയില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി 18ന് അടൂരില്‍ സമാപിക്കും. ജാഥ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും. വിവിധ ദിവസങ്ങളിലെ ഉദ്ഘാടന സമാപന യോഗങ്ങളില്‍ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാണ് ജനകീയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജനകീയ പ്രതിഷേധ ജ്വാല എന്ന പേരില്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍ നയിക്കുന്ന ജില്ലാ പദയാത്രകള്‍ കേരളത്തിലെ 14 ജില്ലകളിലും സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബാബു ജോര്‍ജ്ജ് അറിയിച്ചു.