ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.
മരണകാരണം കോവിഡാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ചുള്ള ലാബ് പരിശോധന വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും വൈറസ് ബാധിച്ച് മരിച്ചവരുടെ പരിശോധന നിര്‍ത്തിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 10054 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ ഇതുവരെ 160 പേരാണ് മരിച്ചത്.