ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലും രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമി ആണ് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഹർജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പെട്രോളിൽ കലർത്തിയ എഥനോളിൻ്റെ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. ഇതറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു.
തൻ്റെ ആവശ്യം വ്യക്തിപരമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ ആശങ്കയെ തുടർന്ന് ഉള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്താണ് വാങ്ങുന്നതെന്ന് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഹർജി തള്ളിയ കോടതി ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.































