കോന്നി : ആവോലിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മ്ലാവിന്റെ തലയും ജഡാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പ്രദേശത്ത് നായാട്ട് വാപകമായി നടക്കുന്നുവന്നെ നിഗമനത്തില്‍ വനം വകുപ്പ്. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കോന്നി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മ്ലാവിനെ വേട്ടയാടി ഇറച്ചി വാര്‍ന്ന് കൊണ്ടുപോയ നിലയില്‍ കണ്ടെത്തിയത്. റോഡില്‍ ചോരപ്പാടുകള്‍ കണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരും സ്ഥലത്തെത്തി അന്വേഷണം നടത്തിയത്.
മ്ലാവിന്റെ തലയും ജഡാവശിഷ്ടങ്ങളും പരിശോധിച്ചതില്‍ നടന്നത് നായാട്ട് തന്നെയാണെന്ന് വനപാലകര്‍ സ്ഥിരീകരിക്കുകയും ചെയ്തു. കോന്നി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ആവോലിക്കുഴി തണ്ണിത്തോട് പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. തണ്ണിത്തോട് റോഡിലെ അതുമ്പുംകുളത്ത് നിന്നും കുറച്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ആവോലിക്കുഴിയില്‍ ഉദ്യോഗസ്ഥര്‍ക്ക് പെട്ടന്ന് കടന്ന് ചെല്ലാന്‍ കഴിയാത്ത രീതിയില്‍ വലിയ കയറ്റവും ഇറക്കവുമുള്ള റോഡുകളാണ് ഉള്ളത്. ഇതും മൃഗവേട്ട നടത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നു.
നാടന്‍ തോക്കുകളും പന്നിപ്പടക്കവുമെല്ലാം ഉപയോഗിച്ച് ഇവിടെ മൃഗവേട്ട വ്യാപകമാണെന്നാണ് പറയപ്പെടുന്നത്. മൃഗവേട്ടയോടൊപ്പം ഇറച്ചി പല സ്ഥലങ്ങളിലേക്ക് കടത്തുന്നതായും പറയപ്പെടുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതുമ്പുംകുളത്ത് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. തണ്ണിത്തോട്, ആവോലിക്കുഴി പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ഈ ചെക്ക്പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷമായിരുന്നു കടത്തിവിട്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനവും വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. ഇതും വനമേഖലയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രധാന കാരണമാണ്.
































