അടൂര്‍ : വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടും ഏഴംകുളം – ഏനാത്ത് മിനി ഹൈവേയില്‍ സുരക്ഷയൊരുക്കുവാന്‍ യാതൊരു നടപടികളും സ്വീകരിക്കാതെ അധികൃതര്‍. അടുത്തടുത്തായി കൊടുംവളവുകളുള്ള റോഡില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണുവാന്‍ പോലും സാധിക്കാറില്ല. ഈ വളവുകളില്‍ എവിടെയും സൂചനാ ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. അന്നും റോഡില്‍ സുരക്ഷയൊരുക്കിയില്ല. മണ്ടച്ചന്‍പാറ, കുരിശുംമൂട്, മുളയംകോട്, ബ്ലോക്ക്പടി തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടവളവുകള്‍ ഉള്ളത്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നവീകരണം പൂര്‍ത്തിയായ ശേഷം ഈ റോഡില്‍ ഗാതാഗത തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
ശബരിമല മണ്ഡലകാലമായാല്‍ നിരവധി അയ്യപ്പ ഭക്തര്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്. അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കൂടി എത്തുമ്പോള്‍ ഗതാഗതത്തിരക്ക് ഏറെ വര്‍ധിക്കും. മാത്രമല്ല റോഡരികുകള്‍ മുഴുവന്‍ കാടുകയറി കിടക്കുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇഴജന്തുക്കളുടെ ശല്യമാണ് പ്രധാന പ്രശ്നം. കാല്‍നട യാത്രക്കാര്‍ക്ക് ഇഴജന്തുക്കളെ ഭയന്ന് നടക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജലജീവന്‍ മിഷന്‍ പൈപ്പ് സ്ഥാപിച്ചതിന് ശേഷം റോഡരികിലെ കുഴി ശരിയായി നികത്താത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഏഴംകുളം – ഏനാത്ത് മിനി ഹൈവേയുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.































