കോന്നി : കോന്നി തണ്ണിതോട് കരിമാൻതോട് റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തലാക്കിയത് ജനങ്ങളെ വലക്കുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം മൂന്ന് വർഷത്തോളമായി തണ്ണിത്തോട് റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തലാക്കിയിട്ട്. ഏഴിലധികം കെ എസ് ആർ ടി സി ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇതു നിർത്തലാക്കിയതോടെ സ്വകാര്യ ബസുകളാണ് ഇതുവഴി സർവീസ് നടത്തിയിരുന്നത്. പന്ത്രണ്ടിലധികം സ്വകാര്യ ബസുകൾക്കാണ് ഇതുവഴി സർവീസ് ഉള്ളതായി പറയുന്നത്. എന്നാൽ ഇതിൽ പകുതി മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
മാത്രമല്ല ഞായറാഴ്ച, അവധി ദിനങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതും കുറവാണ്. ഇത് യാത്ര ക്ലേശം രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ കോന്നിയിൽ നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലരും രണ്ടിരട്ടി പണം മുടക്കി ടാക്സി വാഹനങ്ങളിൽ തണ്ണിതോട്ടിൽ എത്തിച്ചേരേണ്ട അവസ്ഥയും ഉണ്ടാകുന്നു. മാത്രമല്ല പെർമിറ്റ് ലഭിച്ചിട്ടുള്ള ബസുകൾ ഇത് അനുസരിച്ചല്ല സർവീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. മാത്രമല്ല തണ്ണിത്തോട് നിന്നും സർവീസ് നടത്തുന്ന ബസുകൾ ചങ്കൂർ മുക്കിൽ നിന്നും യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി കോന്നിയിലേക്കും പത്തനംതിട്ടയിലേക്കും കയറ്റി വിടുന്ന സംഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. മലയോര മേഖലയിലെ ഈ യാത്ര ദുരിതത്തിന് പരിഹാരം കാണണം എന്നും ആവശ്യമുയരുന്നു.





























