പത്തനംതിട്ട : നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍ പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണം.
തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ വൈകിപ്പിക്കരുത്. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ അത് പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി ഇത് എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
അപകടങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ തിരുവല്ല-മല്ലപ്പള്ളി റോഡിലും റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും ഹംപ് വയ്ക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ ബാക്കി പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ ഒരുമിച്ചു ചെയ്യണമെന്നും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള തുക മുഴുവന്‍ ലഭ്യമാക്കി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി ഡിവൈഡറുകള്‍ സ്ഥാപിച്ച കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയമിച്ചത് ആരാണെന്നും പരസ്യത്തില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നതെന്നും പോലീസ് അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. മുത്തൂര്‍ ട്രാഫിക് സിഗ്നല്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്റ്റോപ് ലൈന്‍ വരയ്ക്കുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അപകടങ്ങള്‍ ആ പ്രദേശത്ത് തുടര്‍ക്കഥയാകുന്നുവെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല ബൈപാസിലെ നാല് ജംഗ്ഷനുകളുടെ സൗന്ദര്യവത്ക്കരണം നടത്തണമെന്നും അതിനായുള്ള സ്‌പോണ്‍സര്‍മാരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
മഴ വരുമ്പോള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളായ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചുവെന്നും അഭിമാനകരമായ നേട്ടമാണ് ഇതെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 3.97 കോടി രൂപ കുരുമ്പന്‍മൂഴിയിലേക്കും, 2.07 കോടി രൂപ അരയാഞ്ഞിലിമണ്ണിലേക്കും പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പട്ടികവര്‍ഗവികസനവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ട്രൈബല്‍ ഓഫീസറുടേയും മികച്ച ഇടപെടല്‍ ഉണ്ടെന്നും എംഎല്‍എ പറഞ്ഞു.
കടുവ ആക്രമണത്തിന്റെ ഭീതിയിലായ റാന്നിയില്‍ സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലം കൂടിയായതിനാല്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. വടശേരിക്കരയിലും പെരുനാടിലും അപകടകരമായ സാഹചര്യമുണ്ട്. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ എല്ലാ സങ്കീര്‍ണതകളും പരിഹരിച്ച് കടുവയെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വനമേഖലകളില്‍ സോളാര്‍ വേലി സ്ഥാപിക്കണം.
പെരുന്തേനരുവി ഡാമില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും വാരി വീണ്ടും ഡാമിലേക്ക് നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കെഎസ്ഇബി അടിയന്തിരമായി തുടര്‍നടപടി സ്വീകരിക്കണം. റാന്നിയിലെ പല പ്രദേശങ്ങളിലേയും വൈദ്യുത പോസ്റ്റുകള്‍ തമ്മില്‍ അകല്‍ച്ച കുറവാണ്. മാത്രമല്ല വൈദ്യുത ലൈനുകള്‍ താഴ്ന്ന് അപകടകരമാം വിധത്തില്‍ കിടക്കുകയാണ്. ഇക്കാര്യം കെഎസ്ഇബി പരിശോധിക്കണം. പ്രളയം ഉണ്ടാകുന്നത് കണക്കിലെടുത്ത് ട്രാന്‍സ്‌ഫോമറുകള്‍ ഉയര്‍ത്തി വയ്ക്കണം. കോളാമല ഭാഗത്ത് സ്ട്രീറ്റ് മെയിന്‍സ് സ്ഥാപിക്കണം.
പത്തനംതിട്ട- ളാഹ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തണം. തോട്ടം തൊഴിലാളികള്‍ ഭീമമായ ഓട്ടോക്കൂലി കൊടുത്താണ് യാത്ര ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നപശ്ചാത്തലത്തില്‍ രാവിലേയും വൈകുന്നേരവും മലയോരമേഖലയിലേക്കുള്ള ബസ് സര്‍വീസ് നടത്തണമെന്നും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്‍കൂനകള്‍ എത്രയും വേഗത്തില്‍ നീക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. കളക്ടേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറെ നിയമിക്കണമെന്നും കൂടാതെ ഒരു നോഡല്‍ ഓഫീസര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ല മാലിന്യസംസ്‌കരണരംഗത്തെ മാതൃകയാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഓരോ വകുപ്പും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മുന്നോട്ട് പോകണം. എഡിഎം ഇക്കാര്യം ഏകോപിപ്പിക്കണം. ഓരോ സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ഇത് നോഡല്‍ ഓഫീസര്‍മാര്‍ ഏകോപിപ്പിക്കണം. രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്ന് ഉത്തരവാക്കി പുറത്തിറക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































