വാഷിങ്ടണ്‍ : മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ചോർത്തപ്പെട്ടന്ന് ആരോപണം. രേഖകൾ ചോർത്തിയതിന് പിന്നിൽ ഇറാൻ ആണെന്ന് ട്രംപ് ആരോപിച്ചു. രേഖകള്‍ ചോർത്തുന്നതിനായി വിദേശ ഏജൻ്റുമാർ ശ്രമിക്കുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് ആരോപണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും അരാജകത്വം ഉണ്ടാക്കാനുമാണ് ഇറാന്റെ ശ്രമമെന്ന് ട്രംപിൻന്റെ പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. കൂടാതെ ഇറാന് യുഎസിനോടുള്ള ശത്രുതയുടെ ഭാഗമായാണ് രേഖകൾ അനധികൃതമായി നേടിയതെന്നും ചിയുങ് ആരോപിച്ചു. ജൂണിൽ പ്രസിഡൻഷ്യൽ കാമ്പെയിന്‍ നടന്ന സമയത്ത് യുഎസിൻറെ ഒരു ഉയർന്ന ഉദ്യോഗസ്ഥന് ഇറാനിയൻ ഹാക്കർമാർ ഇമെയിൽ അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രേഖ ചോർത്തിയതിന് പിന്നില്‍ ഇറാനെ സംശയിക്കുന്നതെന്നും ചിയൂങ് പറഞ്ഞു.
ജൂലൈയിൽ ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്റലിജൻസ് ഏജൻസികൾ ഈ വിവരങ്ങൾ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സർവീസ് ഏജൻസികളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരംവീട്ടാനായിരുന്നു ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. 2020 ജനുവരിയിൽ ട്രംപ് പ്രസിഡന്റായിരിക്കെയാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ട്രംപിനെ വധിക്കാൻ പദ്ധതിയെന്ന വാർത്തയെ അന്ന് ഇറാൻ തള്ളിയിരുന്നു. സുലൈമാനിയുടെ കൊലപാതകത്തിനുശേഷം ട്രംപ് തങ്ങളുടെ മുഖ്യശത്രു തന്നെയാണെങ്കിലും നിയമപരമായ പാതയിൽ മാത്രമേ തങ്ങൾ നീങ്ങുവെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേ സമയം ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. പ്രതിക്ക് ഇറാനുമായി ബന്ധമുണ്ടെന്നും നീതിന്യായ വകുപ്പ് പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയ പ്രതി പേര് പറയാതെയാണ് ലക്ഷ്യം ട്രംപാണെന്ന് സൂചിപ്പിച്ചതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞിരുന്നു.