കോന്നി : കിഴക്കുപുറത്തു കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. എസ്.എൻ.ഡി.പി യോഗം കോളേജ് ജംഗ്ഷൻ മുതൽ തുണ്ടിയത്ത് മുരുപ്പ് വരെയുള്ള ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് പൈപ്പുവെള്ളം എത്താത്തതിനാൽ ബുദ്ധിമുട്ടുന്നതായി നാട്ടുകാർ പരാതിപെടുന്നു. കോളേജ് ജംഗ്ഷൻ, തുണ്ടിയത്ത് മുരുപ്പ്, പൊന്നമ്പി, കുറ്റിത്തറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണ്.
വേനൽ കടുത്തതോടെ പ്രദേശത്തെ നീർചാലുകളെല്ലാം വറ്റി വരണ്ടു. പയ്യനാമണ്ണിലെ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് ഇവിടെ പമ്പ് ചെയ്തുകൊണ്ടിരുന്നത്. വെള്ളം കിട്ടാതെ വരുമ്പോൾ നാട്ടുകാർ പമ്പ് ഓപറേറ്റർമാരെ വിവരം അറിയിച്ചാലും നടപടിയുണ്ടാവുന്നില്ലെന്നാണ് പരാതി. ആഴചയിൽ രണ്ടു ദിവസമെങ്കിലും പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.