ശാസ്താംകോട്ട: കുന്നത്തൂര്‍ പാലത്തില്‍നിന്ന് വിദ്യാര്‍ഥിനി കല്ലട ആറ്റില്‍ ചാടി. കണ്ടെത്താന്‍ വേണ്ടി മണിക്കൂറുകളോളം നടത്തിയ തെരച്ചില്‍ വിഫലമായി. കുന്നത്തൂര്‍ തുരുത്തിക്കര തൊടുവയല്‍ വീട്ടില്‍ രഞ്ജിത (20) ആണ് ചാടിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന് തൊട്ടടുത്ത സ്‌റ്റോപ്പില്‍ ബസിറങ്ങിയ ശേഷം നടന്നെത്തി ആളുകള്‍ നോക്കിനില്‍ക്കേ കൈയിലുണ്ടായിരുന്ന ബാഗ് പാലത്തില്‍ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്. ഈ ബാഗില്‍നിന്നും ലഭിച്ച രേഖകളും ഫോട്ടോയും ഉപയോഗിച്ചാണ് ആറ്റില്‍ ചാടിയ വിദ്യാര്‍ഥിനിയെ തിരിച്ചറിഞ്ഞത്.
ഒന്നരവര്‍ഷമായി പിതാവുമായി പിണങ്ങിക്കഴിയുന്നതിനാല്‍ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്‍റെ വീട്ടിലാണ് വിദ്യാര്‍ഥിനി കഴിഞ്ഞുവന്നിരുന്നത്. അഞ്ചലില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെയോടെ വിദ്യാര്‍ഥിനി കുന്നത്തൂരിലെത്തിയത്. ശാസ്താംകോട്ടയില്‍ നിന്നും അഗ്നിരക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബ ടീമും വൈകീട്ട് ആറ് വരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമായതായും ശനിയാഴ്ച രാവിലെ മുതല്‍ പുനരാരംഭിക്കുമെന്നും അഗ്നിരക്ഷാസേന അധികൃതര്‍ അറിയിച്ചു.





























