ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തെ (പിഎംഎല്‍എ) സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ പ്രതികരണം ആവശ്യപ്പെട്ടുള്ള രേഖാമൂലമുള്ള വിധിയിലെ തെറ്റുകള്‍ തിരുത്തി “അനുയോജ്യമായി പരിഷ്ക്കരിക്കണമെന്ന്” എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.
ഇഡിക്ക് വിശാല അധികാരം നല്കുന്ന ജൂലൈ 27ലെ വിധി പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ഇറക്കിയ ഉത്തരവിലാണ് ഇഡി പുനഃപരിശോധന ആവശ്യപ്പെട്ടത്. വിരമിച്ച ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ രേഖാമൂലമുള്ള ഉത്തരവില്‍ ഇഡി അസ്വസ്ഥരാണ്.
ഇഡിക്ക് വിശാല അധികാരം നല്‍കിക്കൊണ്ട് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ടു വിഷയങ്ങളില്‍ പുനഃപരിശോധന ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇഡി തയാറാക്കുന്ന ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) കുറ്റാരോപിതനു നല്‍കേണ്ടതില്ലെന്ന വ്യവസ്ഥയിലും നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാക്കുന്ന വകുപ്പിലും പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ വിധി തങ്ങള്‍ക്കനുകൂലമായി പരിഷ്കരിക്കണമെന്ന ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ ആവശ്യത്തിന്മേല് പുതിയ ചീഫ് ജസ്റ്റീസ് യു.യു. ലളിതിന്റെ സമീപനം എന്താകുമെന്ന് നിയമവൃത്തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജൂലൈയിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടു.





























