തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുതി നിരക്ക് യൂനിറ്റിന് 19 പൈസ വീതം വർധിക്കും. ഒമ്പത് പൈസ വീതം പഴയ സർചാർജായി റെഗുലേറ്ററി കമീഷൻ അനുവദിച്ചതും 10 പൈസ വീതം വൈദ്യുതി ബോർഡ് പുതിയ കേന്ദ്ര നിയമപ്രകാരം സ്വമേധയാ ഏർപ്പെടുത്തിയതുമാണ്. രണ്ടുംകൂടി ഒരുമിച്ചുവരുന്നതോടെ ഉപഭോക്താക്കൾക്ക് കനത്ത ബാധ്യത വരും. ജൂൺ 30നകം വൈദ്യുതി നിരക്കും കുത്തനെ വർധിക്കും. ഇതിന്‍റെ നടപടിക്രമങ്ങൾ റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കിവരുകയാണ്.
കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ അധിക ഉപയോഗത്തിന് യൂനിറ്റിന് ഒമ്പത് പൈസ വീതം സർചാർജ് ഏർപ്പെടുത്താൻ റെഗുലേറ്ററി കമീഷൻ അനുവദിച്ചു. 21 പൈസ വീതം ഈടാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യം. ഇതിന് പിന്നാലെയാണ് ഏപ്രിലിലെ (2023) അധിക ഉപയോഗത്തിന് യൂനിറ്റിന് 10 പൈസ വീതം സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള (87.07 കോടി രൂപ) കണക്കിൽ ഉൾപ്പെടുത്തി നിശ്ചയിച്ച സർചാർജ് തുകയാണ് യൂനിറ്റിന് ഒമ്പത് പൈസ.