കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് വീണ്ടും പുനരാരംഭിക്കണമെന്ന ആവശ്യമാണ് ആനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ മുന്നോട്ടുവെക്കുന്നത്. 2019 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് കോന്നി ആനത്താവളത്തിലെ ആനസവാരി നിര്‍ത്തലാക്കിയത്. പിന്നീട് വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ആനസവാരി നടത്തുവാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം വന്നതോടെ കോന്നി ആനത്താവളത്തിലും ആനസവാരി നിര്‍ത്തലാക്കുവാന്‍ ഫോറസ്റ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ സഞ്ചാരികള്‍ക്ക് ആനപ്പുറത്ത് കയറുവാന്‍ നിര്‍മ്മിച്ച പടികളും കാടുകയറി.
ആനത്താവളത്തിനുള്ളിലെ പത്തേക്കര്‍ സ്ഥലമാണ് ആനസവാരിക്കായി ഉപയോഗിച്ചിരുന്നത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ആനകളെ അടുത്തറിയുവാനും ഇടപെഴകുവാനും ആനസവാരിയിലൂടെ അവസരം ലഭിച്ചിരുന്നു. ഇതിനായി ഒട്ടേറെ സഞ്ചാരികളും എത്തിയിരുന്നു. ആനകള്‍ക്ക് സഞ്ചാരികള്‍ നേരിട്ട് ഭക്ഷണം നല്‍കുന്നത് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന ആനുഭവമായിരുന്നു. അടുത്തിടെ കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന ആക്രമിച്ചുകൊലപ്പെടുത്തിയതില്‍ ഭയം നിലനില്‍ക്കുന്നതും ആനസവാരി ആരംഭിക്കുവാനുള്ള പ്രധാന തടസ്സമാണ്. എങ്കിലും നിലച്ചുപോയ ആനസവാരിയെക്കുറിച്ച് ആനത്താവളത്തില്‍ അന്വേഷിച്ചെത്തുന്ന സഞ്ചാരികള്‍ ധാരാളമുണ്ട്. ആനത്താവളത്തിലെ ആനസവാരി പുനരാരംഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.































