ഇരവിപേരൂര്‍ : പഞ്ചായത്ത് തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കേ സംസ്ഥാന രാഷ്ട്രീയത്തിൽ ആയാറാം ഗയാറാം പരിപാടികൾക്ക് കൊറോണക്കാലത്ത് തന്നെ തുടക്കമായി. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിന്റെ പഞ്ചായത്ത് അംഗം (ആറാം വാർഡ്) പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറി. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാലി ജേക്കബിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നും കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
അടുത്തിടെ സമൂഹ അടുക്കളയുടെ പേരിൽ രാഷ്ട്രീയ ചേരിപ്പോര് നടക്കുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളാണ് പാർട്ടി വിട്ടത്. സമൂഹ അടുക്കളയിൽ ചാരായം വാറ്റിയെന്ന പേരിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന് സാലി ജേക്കബ് നേരത്തേ വിട്ടുനിന്നിരുന്നു. സമൂഹ അടുക്കളയുടെ പ്രവർത്തനത്തിന് എല്ലാ കോൺഗ്രസ് അംഗങ്ങളും സഹകരിച്ചിരുന്നതായി സാലി ജേക്കബ് പറഞ്ഞു. കെട്ടിച്ചമച്ച ആരോപണത്തിന്റെ പേരിൽ കോൺഗ്രസ്, ബിജെപി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉൾപ്പെടെ പത്തിലേറെപ്പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.
അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കേണ്ട സാഹചര്യമല്ല ഈ കൊറോണക്കാലമെന്ന് പറഞ്ഞ് കോൺഗ്രസ്സിന്റെ വാട്സ് ആപ് ഗ്രൂപ്പിലും പോര് നടന്നിരുന്നു. ഇതിനിടെ കോൺഗ്രസ്സിലെ ചേരിപ്പോര് മണത്തറിഞ്ഞ ഇടതുപക്ഷ നേതാക്കൾ സാലി ജേക്കബിനെക്കണ്ട് വീണ്ടും മത്സരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതാണറിവ്. നിലവിൽ 17 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഇടതുപക്ഷത്തിന് മൂന്ന സിപിഐ അംഗങ്ങൾ ഉൾപ്പെടെ 12 പേരാണുള്ളത്. ബിജെപിയും സ്വതന്ത്രനും ഓരോന്നുവീതം ബാക്കിയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഇനി രണ്ട് പേർമാത്രമാണ് യുഡിഎഫെന്ന പേരിൽ ബാക്കിയുള്ളത്. രണ്ടായിരമാണ്ട് വരെ കോൺഗ്രസ്സിന്റെ കുത്തകയായിരുന്ന ഇരവിപേരൂർ 2010 മുതലാണ് പൂർണമായും ഇടതുപക്ഷ ഭൂരിപക്ഷ പ്രദേശമായി മാറിയത്. പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു. 2005 ൽ നാല് അംഗങ്ങളുള്ള ബിജെപിയിൽ 2010 ൽ എല്ലാവരും പരാജയപ്പെട്ടെങ്കിലും 2015 ൽ ഒരംഗത്തെ വിജയിപ്പിക്കാൻ കഴിഞ്ഞു.