ന്യൂഡല്‍ഹി : അവഗണിച്ചും അടിച്ചമര്‍ത്തിയും രാജ്യദ്രോഹമുദ്രചാര്ത്തി ജയിലില്‍ തള്ളിയും ഞെരിച്ചില്ലാതാക്കാന് അധികാരികള്‍ ശ്രമം തുടരവെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷകസമൂഹം നയിക്കുന്ന പോരാട്ടം വീര്യമൊട്ടും ചോരാതെ നൂറാം ദിനത്തിലേക്ക്.
ഇതിനിടയില്‍ 248 കര്‍ഷകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു, നിരവധി പേര് ജയിലിലുമുണ്ട്. വിളവെടുപ്പിന്റെയും വിത്തിറക്കലിന്റെയും ഒരു സീസണ് കടന്നുപോയിരിക്കുന്നു. അതിശൈത്യത്തില്‍നിന്ന് വേനലിലേക്ക് കടക്കുകയാണ് ഉത്തരേന്ത്യ. ഇതൊന്നും പോരാളികളുടെ വീര്യം കെടുത്തുന്നില്ല. സമരാവേശത്തിന് ഒട്ടും കുറവു വന്നിട്ടില്ല.
നൂറാം ദിവസമായ ശനിയാഴ്ച അവര്‍ കുണ്ട്ലി മനേസര്‍ പല്‍വാല്‍ എക്സ് പ്രസ്സ് വേ അഞ്ചു മണിക്കൂര്‍ പൂര്‍ണമായും ഉപരോധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ ടോളുകള്‍ തുറന്നുകൊടുത്തും വീടുകളിലും ഓഫിസുകളിലും കേന്ദ്രസര്‍ക്കാറിനെതിരെ കരിങ്കൊടി നാട്ടിയും കറുത്ത ബാഡ്ജു ധരിച്ചും രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയായ ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ അനിശ്ചിതകാല രാപകല്‍ ഉപരോധസമരത്തിലേക്ക് വഴിമാറിയത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ശാഠ്യത്തിലാണ് സര്‍ക്കാര്‍.
നിയമങ്ങള്‍ പിന്‍വലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ചനിലപാടില്‍ കര്‍ഷകരും നിലപാടെടുത്തു. കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കര്‍ഷക നേതാക്കള്‍ പ്രചാരണത്തിനായി എത്തും. താങ്ങുവില സംബന്ധിച്ച കേന്ദ്ര വാഗ്ദാനങ്ങളുടെ യഥാര്‍ഥ അവസ്ഥ തുറന്നുകാട്ടാന്‍ കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പ്രചാരണം നടത്തും. മാര്‍ച്ച് എട്ടിന് വനിതദിനം മഹിള കര്‍ഷകദിനമായി ആചരിക്കും.
കോര്പ്പറേറ്റുവത്കരണത്തിനെതിരെയും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെയും തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തെയും റെയില്‍വേ സ്വകാര്യവത്കരണത്തിനെതിരായ മാര്‍ച്ചുകളെയും പിന്തുണക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.
കൊടുംതണുപ്പ് അതിജീവിച്ച കര്‍ഷകര്‍ വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനവും സമരകേന്ദ്രങ്ങളില്‍ ആരംഭിച്ചു. സമരം വ്യവസ്ഥാപിതമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും എത്ര നീണ്ടുപോയാലും വിജയിക്കുംവരെ പോരാടുമെന്നും പഞ്ചാബ് കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രാജേവാള്‍ പറഞ്ഞു.
































