പത്തനംതിട്ട: വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പോലീസ് ഇന്ന് വൈകിട്ട് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസ്സി വിദേശത്ത് നഴ്സ‌് ആണ്. ഭാര്യയെ ഫോണിൽ വിളിച്ച് ഇയാൾ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോൾ അസഭ്യം വിളിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്‌ച രാത്രി 11 മണിയോടുകൂടി വീഡിയോ കോൾ ചെയ്‌തശേഷം നാലര വയസ്സുകാരി ഇസ്സയുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി മുഴക്കി. പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിൻ്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്‌തു. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസ്സി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. യുവതിയുടെ പിതാവ് പി വൈ വർഗീസ് തിരുവല്ല പോലീസിൽ പരാതി നൽകുകയും പോലീസ് ജിൻസനെതിരെ കേസെടുക്കുകയുമായിരുന്നു.
ജിൻസൺ ബിജുവുമായി അടുപ്പത്തിലായിരുന്ന നെസ്സി ബിഎസ്സി നേഴ്‌സിങ് കോഴ്സ് പൂർത്തിയാക്കിയശേഷം 2018 സെപ്റ്റംബറിൽ ഇയാളെ രജിസ്റ്റർ വിവാഹം ചെയ്യുകയും കുറ്റൂരിൽ താമസമാക്കുകയുമായിരുന്നു. മകൾ ഇസ്സയ്ക്ക് 5 മാസം പ്രായമായപ്പോൾ നെസ്സിയ്ക്ക് മുംബൈയിൽ ജോലികിട്ടി പോയി. നാട്ടിൽ ഡ്രൈവർ ആയിരുന്ന ജിൻസൺ വിദേശത്ത് പോകുന്നതിനു 50000 രൂപ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളോട് പറഞ്ഞ് തുക നെസ്സി കൊടുപ്പിക്കുകയും ചെയ്‌തു. തുടർന്ന് വിദേശത്തുപോയ ജിൻസൺ മൂന്നുമാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. യുവതിയോട് നാട്ടിലെത്തി വേറെ ജോലി നോക്കാൻ ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. നിവൃത്തികെട്ടു തിരികെ നാട്ടിലെത്തിയ യുവതി ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി.
തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിൽ വിദേശത്തേക്ക് വീണ്ടും ജോലികിട്ടി പോകുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിൻസൺ ഭീഷണി തുടർന്നു. വിവരങ്ങൾ നെസ്സി മാതാപിതാക്കളെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. എല്ലാമാസവും കൃത്യമായി യുവാവിൻ്റെ അക്കൗണ്ടിൽ മകൾ പണം ഇട്ടുകൊടുക്കാറുണ്ടെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. എന്നാൽ പിന്നെയും പണം ആവശ്യപ്പെട്ട് മകൾക്ക് വീഡിയോ കാൾ ചെയ്യുക പതിവാണെന്നും പറയുന്നു. അങ്ങനെയാണ് കഴിഞ്ഞയാഴ്‌ച 40000 രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിന് വ്യാഴാഴ്ച് രാത്രി കുഞ്ഞിനോട് അതിക്രമം കാട്ടി വീഡിയോ കാൾ ചെയ്ത‌് ഭീഷണി മുഴക്കിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് ഇന്ന് വൈകിട്ടോടെ ജിൻസനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.