തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധന വകുപ്പ് അറിയിച്ചു. സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീർഷകങ്ങളിൽ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്. സംസ്ഥാന വിഹിതം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്ര വിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയാണിത്. സംസ്ഥാന വിഹിതം ഗുണഭോക്താവ് നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്ര വിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.
വാതിൽപ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവർക്ക് കേന്ദ്രവിഹിതം മാത്രമായി പിന്നീട് ലഭിക്കുന്ന സ്ഥിതിയുമുണ്ട്. ഇത് താത്ക്കാലിക സാങ്കേതിക പ്രശ്നമാണെന്ന് ധനവകുപ്പ് അറിയിച്ചു. 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് സംസ്ഥാന സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത്. എന്നാൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ എന്നിവയിൽ കേന്ദ്രവിഹിതം യഥാക്രമം 200, 300, 500 രൂപയാണ്. സംസ്ഥാന സർക്കാർ കേന്ദ്രവിഹിതം മുൻകൂർ അനുവദിക്കുകയും പിന്നീട് കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്ത് തുടങ്ങും. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുൻപ് പണം കിട്ടുന്നത്. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.