നരിക്കുനി : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍ മൂന്നു കിണറുകളിലെ വെള്ളത്തിന്റെ പരിശോധനഫലം പുറത്ത്. വരന്റെയും വധുവിന്റെയും വീട്ടിലെയും ഒരു കേറ്ററിങ് സ്ഥാപനത്തിലെയും വെള്ളത്തില്‍ ‘വിബ്രിയോ കോളറ’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍, ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവര്‍ക്കും കോളറയുടെ ലക്ഷണങ്ങളൊന്നും ഇല്ല. അതിനാല്‍ ഭയക്കേണ്ടതില്ല.
ഒരാഴ്ച മുമ്പായിരുന്നു വിവാഹ വീട്ടില്‍ നിന്ന് യമീനെന്ന രണ്ടര വയസ്സുകാരനടക്കം 11 കുട്ടികള്‍ക്ക് ആണ് ഭക്ഷ്യവിഷബാധയേറ്റത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച കുണ്ടായി പ്രദേശം ആരോഗ്യവകുപ്പ് അധികൃതര്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുട്ടമ്പൂരിലെ ഭക്ഷണവിതരണകേന്ദ്രത്തില്നിന്നായിരുന്നു വിവാഹ വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷ വകുപ്പ് അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കെടുക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിഭാഗം എച്ച്.ഐ നാസറിന്റെ നേതൃത്വത്തില്‍ കുണ്ടായി പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന് നടത്തി. അവിടെ തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ എന്ന അടിയന്തര ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.