കോന്നി: കോന്നിയില്‍ ഡെങ്കിപ്പനി പടരുമ്പോള്‍ നാരായണപുരം ചന്തയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമല്ലാത്തത് മൂലം മാലിന്യ സംസ്‌കരണം പാളുന്നു. മാലിന്യം സംസ്‌കരിക്കേണ്ട ഇന്‌സുലേറ്റര്‍ പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജൈവ – അജൈവ മാലിന്യങ്ങള്‍ ചന്തക്കുള്ളിലെ എയിറോബിക് കമ്പോസ്റ്റ് യൂണിറ്റിലും കളക്ഷന്‍ സെന്ററിലും ശേഖരിച്ച് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഇനം തിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. നീക്കം ചെയ്യുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ ആണ് സംസ്‌കരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തന രഹിതമായതോടെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതായാണുള്ളത്.
മഴ ശക്തമായതോടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കൊതുക് പെരുകുന്നതിനും കാരണമായിട്ടുണ്ട്. പഴയ ഇന്‌സുലേറ്റര്‍ അറ്റകുറ്റപണികള്‍ നടത്തി നവീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇന്‌സുലേറ്റര്‍ കാലങ്ങളായി കാട് കയറി കിടന്ന് നാശോന്മുഖമായിട്ടും അറ്റകുറ്റപണികള്‍ നടത്തുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹരിത കര്‍മ്മ സേനക്കാണ് പഞ്ചായത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഇനം തിരിക്കേണ്ട ചുമതല. എന്നാല്‍ ഹരിത കര്‍മ്മ സേനാഅംഗങ്ങളുടെ പങ്കാളിത്തം കാര്യക്ഷമമല്ലാത്തതും മാലിന്യ സംസ്‌കരണത്തെ സാരമായി ബാധിക്കുന്നുണ്ട്. കോന്നിയില്‍ മാത്രം 24 പേര്‍ക്കാണ് നിലവില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ നിരക്ക് ഇനിയും ഉയരുവാന്‍ സാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം കോന്നിയില്‍ ചേര്‍ന്ന ഡെങ്കിപ്പനി അവലോകന യോഗത്തിലെ വിലയിരുത്തല്‍.