ഛണ്ഡീഗഢ് : നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള സംസ്ഥാനത്തെ സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹരിയാന ചീഫ് സെക്രട്ടറി കേഷ്‌നി ആനന്ദ് അറോറ നഗര തദ്ദേശ സ്വയംഭരണ വകുപ്പിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹരിയാനയില്‍ അധികാരത്തിലിരുന്ന 2004 നും 2014 നും ഇടയില്‍ ഗാന്ധി കുടുംബം വാങ്ങിയ സ്വത്തുക്കള്‍ അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണ്. ഗുരുഗ്രാമിലെ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് അനുവദിച്ച പ്ലോട്ടും അന്വേഷണ പരിധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ സംഭാവനകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് വിശദീകരണം.