കൊല്ലം : കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാല്‍ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടർമാര്‍ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കി.
കല്ലുവാതുക്കൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗബാധയുണ്ടായത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 130 പേരെ നിരീക്ഷണത്തിലാക്കി. ആരോഗ്യപ്രവർത്തകയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് യുവതി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 40 പേരുടെ സ്രവം പരിശോധനക്കയച്ചു. ഈ മാസം ഒന്നാം തിയ്യതി മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ വിവിധ വീടുകൾ സന്ദർശിച്ചിരുന്നു. രോഗബാധ അവിടെ നിന്നാകാമെന്നാണ് സംശയം. ഇവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.
ആരോഗ്യപ്രവർത്തകയ്ക്ക് രോഗം ബാധിച്ചതോടെ ചാത്തന്നൂർ, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പാരിപ്പളളി പ്രാഥമിക ആരോഗ്യകേന്ദ്രവും അടച്ചു. കൊല്ലം ജില്ലക്കാരായ രണ്ട് പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്ത് നിന്ന് എത്തിയ ഒരാൾ എറണാകുളത്ത് ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ 20 പേർക്കാണ് രോഗം ബാധിച്ചത്.