കൊച്ചി: ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഇപ്രാവശ്യം വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം രണ്ട് പരീക്ഷ വീതം നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം രണ്ടു പരീക്ഷ സമ്പ്രദായം നിര്‍ത്തലാക്കിയതാണ്. പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 14 മുതല്‍ 20 വരെ ശനിയും ഞായറും ഒഴിവാക്കിയാല്‍ അഞ്ച് ദിവസം കൊണ്ട് പരീക്ഷ അസാനിക്കും. രാവിലെ ഒമ്പതരയ്ക്കും വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കുമാണ് പരീക്ഷ. 15 മിനിട്ട് കൂള്‍ ഒഫ് സമയം ഉള്‍പ്പെടെ 2.45 മണിക്കൂറാണ് പരീക്ഷ. പ്രാക്ടിക്കല്‍ വേണ്ട വിഷയങ്ങളില്‍ രണ്ടേകാല്‍ മണിക്കൂറുമാണ് അനുവദിച്ചിരിക്കുന്നത്.
ഒരു വിഷയത്തിന് രണ്ട് ഉപവിഷയങ്ങള്‍ പഠിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെയാണ് ദിവസം രണ്ട് പരീക്ഷ ഏറെ ബുദ്ധിമുട്ടിയ്ക്കുക. ഹയര്‍സെക്കന്‍ഡറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടണി, സുവോളജി എന്നിങ്ങനെ രണ്ട് ഉപവിഷയങ്ങള്‍ ചേര്‍ന്നാണ് ബയോളജി പേപ്പര്‍. ബയോളജി പരീക്ഷയ്ക്ക് 2.25 മണിക്കൂറാണ് സമയം. ഫെബ്രുവരി 14ന് രാവിലെ ബയോളജിയും ഉച്ചയ്ക്ക് കണക്കുമാണ് വിദ്യാര്‍ത്ഥികള്‍ എഴുതേണ്ടി വരിക. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം പ്രാവര്‍ത്തികമാക്കിയെന്നു വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തില്‍ ആസൂത്രണമില്ലാതെ പരീക്ഷ നടത്തുന്നതെന്ന ആരോപണം അദ്ധ്യാപകര്‍ക്കിടയില്‍ ശക്തമാണ്.